പാലാ: ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സിപിഎം പൊതുയോഗത്തിനായി വിട്ടുനൽകേണ്ടതില്ലെന്ന് പാലാ നഗരസഭ തീരുമാനിച്ചു. പൊതുഗതാഗതത്തിനും യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമുണ്ടാകുമെന്ന ശക്തമായ എതിർപ്പുകളെത്തുടർന്നാണ് നഗരസഭയുടെ ഈ നടപടി.യാത്രക്കാരുടെ അവകാശങ്ങൾ ഹനിച്ച് ബസ് സ്റ്റാൻഡ് രാഷ്ട്രീയ പരിപാടികൾക്കായി പന്തൽ കെട്ടി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. മുന്നണിയിലെ ചില കൗൺസിലർമാരും ഇതിനെതിരെ വിയോജിപ്പ് അറിയിച്ചതോടെ വിഷയം നഗരസഭാ കൗൺസിലിൽ വലിയ ചർച്ചയായി.ബസ് സർവീസുകൾ മുടങ്ങാനും ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നഗരസഭ ഒടുവിൽ അനുമതി നിഷേധിച്ചത്. യാത്രക്കാരുടെ സൗകര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും പൊതു ഇടങ്ങൾ ഇത്തരത്തിൽ യോഗങ്ങൾക്കായി വിട്ടുനൽകരുതെന്നുമുള്ള നിലപാടിലാണ് ഭരണസമിതി തീരുമാനമെടുത്തത്.
