കോഴിക്കോട് കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതി. കുട്ടിയുടെ പിതൃസഹോദരനും മകനുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കമ്പിയും വയറിങ് കേബിളും ഉപയോഗിച്ച് കുട്ടിയെ മർദിച്ചതായും കൈകാലുകളിൽ പരിക്കേറ്റതായും കുട്ടിയുടെ സഹോദരൻ ആരോപിച്ചു. മുറിവുകളിൽ മുളക് അരച്ച് തേച്ചതായും പരാതിയിലുണ്ട്. കുട്ടിയുടെ മൊഴിപ്രകാരം കൈകാലുകൾ കെട്ടിയിട്ടായിരുന്നു പീഡനം.
വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്തും കണ്ണിലും മുളകുപൊടി തേച്ചതായും നഖത്തിൽ ഈർക്കിൽ കുത്തിക്കയറ്റിയതായും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ, ഭാര്യ, മകൻ എന്നിവർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ ബന്ധുവീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കേസിൽ ശക്തമായ നടപടി വേണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്
