ആഗോള കാലാവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി റിപ്പോർട്ടുകൾ. 2026-ലെ എൽ നിനോ അസാധാരണമായ ശക്തിയിലേക്ക് നീങ്ങുകയാണെന്നും ഇതിന്റെ ഫലമായി ആഗോള താപനിലയിൽ പുതിയ റെക്കോർഡുകൾ രേഖപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 1,000 വർഷത്തെ കാലാവസ്ഥാ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ സമീപകാല എൽ നിനോ പ്രതിഭാസങ്ങൾ കൂടുതൽ ശക്തമായതായി പുതിയ പഠനവും വ്യക്തമാക്കുന്നു.
എൽ നിനോ പ്രധാനമായും ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ സമുദ്രജല താപനിലയിലും അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിയിലും ഉണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ്. ഇതിന്റെ സ്വാധീനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ, വരൾച്ച, ചൂട്, കാട്ടുതീ തുടങ്ങിയവയിൽ പ്രകടമാകാം.
നിലവിലെ സാഹചര്യത്തിൽ എൽ നിനോയും മനുഷ്യനിർമിത ആഗോളതാപനവും ഒരുമിച്ചെത്തുന്നത് താപനില വർധന കൂടുതൽ ശക്തമാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ശക്തമായ എൽ നിനോ ഇന്ത്യയിലെ മൺസൂൺ മഴയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. വരും മാസങ്ങളിൽ പ്രതിഭാസത്തിന്റെ തീവ്രത എത്രത്തോളം ഉയരും എന്നതിലാണ് ഇപ്പോൾ കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധ.
