കോട്ടയം / ചങ്ങനാശ്ശേരി: രാജ്യത്ത് മതപരിവർത്തനത്തിന്റെ പേരിൽ ക്രൈസ്തവ പുരോഹിതന്മാർ മാത്രം വേട്ടയാടപ്പെടുകയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. സി.എസ്.ഐ കൊയ്നോണിയ (CSI Koinonia) സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിർണായക നിലപാട് വ്യക്തമാക്കിയത്. ഹൈന്ദവ മതത്തിലേക്കും ഇത്തരത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും എന്നാൽ അതിനെതിരെ ആരും എതിർപ്പുമായി രംഗത്തുവരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഹൈന്ദവ മതത്തിലേക്ക് മതപരിവർത്തനം നടക്കുന്നുണ്ട്. വിദേശത്തുനിന്ന് വരുന്ന പലരും ഇന്ത്യയിലെ ഹൈന്ദവ ആശ്രമങ്ങളിലെത്തി ഹൈന്ദവരായി മാറുന്നുണ്ട്. നമ്മളാരെങ്കിലും അതിനെതിരെ എന്തെങ്കിലും പറയാൻ പോയോ? എന്നാൽ മതപരിവർത്തനത്തിന്റെ പേരിൽ കേസുകൾ വരുന്നതും ജയിലിൽ കിടക്കേണ്ടി വരുന്നതും ക്രൈസ്തവ പുരോഹിതന്മാർക്ക് മാത്രമാണ്.” — മാർ തോമസ് തറയിൽ പറഞ്ഞു. മതസ്വാതന്ത്ര്യവും തുല്യനീതിയും എല്ലാവർക്കും ഒരുപോലെ ബാധകമാകേണ്ട സാഹചര്യത്തിൽ, ഒരു പ്രത്യേക വിഭാഗത്തിന് നേരെ മാത്രം മതപരിവർത്തന ആരോപണങ്ങൾ ഉന്നയിച്ച് കേസെടുക്കുന്നതിലെ വിവേചനത്തെ മാർ തോമസ് തറയിൽ ശക്തമായി വിമർശിച്ചു. ചടങ്ങിൽ നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു.
