അരുവിത്തുറ വല്യച്ചൻമലയിൽ ജീപ്പുമായി കയറാൻ ശ്രമിച്ചയാൾ കുടുങ്ങി; ഒഴിവായത് വൻ ദുരന്തം

അരുവിത്തുറ വല്യച്ചൻമലയിൽ ജീപ്പുമായി കയറാൻ ശ്രമിച്ചയാൾ കുടുങ്ങി; ഒഴിവായത് വൻ ദുരന്തം

​പാലാ / ഈരാറ്റുപേട്ട: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്യച്ചൻമലയിൽ കാൽനടയായി മാത്രം സഞ്ചരിക്കുന്ന തീർത്ഥാടന പാതയിലൂടെ ജീപ്പ് ഓടിച്ചുകയറ്റാൻ ശ്രമിച്ചയാൾ വാഹനവുമായി വഴിയിൽ കുടുങ്ങി. കുത്തനെയുള്ള മലഞ്ചെരുവിൽ വാഹനം കുടുങ്ങിയെങ്കിലും വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ​വല്യച്ചൻമലയിലേക്കുള്ള ദിശാബോർഡ് കണ്ട് പ്രധാന വഴിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രൈവർ കാൽനട തീർത്ഥാടകർക്കായി കല്ലുപാകി നിർമ്മിച്ചിരിക്കുന്ന കുരിശിന്റെ വഴിയുടെ നടപ്പാതയിലേക്ക് ചുവന്ന ജീപ്പ് ഓടിച്ചുകയറ്റിയത്. ഒന്നാം സ്ഥലത്തിന് സമീപം വരെ കയറിയ ജീപ്പ് കുത്തനെയുള്ള കയറ്റവും ഇടുങ്ങിയ വഴിയും കാരണം നിയന്ത്രണം തെറ്റുന്ന അവസ്ഥയിലായി. ​തുടർന്ന് വാഹനം പിന്നോട്ട് എടുത്ത് തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന ഇരുമ്പ് കൈവരികൾക്കും പാറക്കെട്ടുകൾക്കും ഇടയിൽ വാഹനം പൂർണ്ണമായും കുടുങ്ങിപ്പോവുകയായിരുന്നു. മുന്നോട്ടെടുക്കാനോ തിരിക്കാനോ കഴിയാത്ത വിധം വാഹനം കുടുങ്ങിയതോടെ ഡ്രൈവർ ഇറങ്ങി അരുവിത്തുറ പള്ളി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ ജീപ്പ് സുരക്ഷിതമായി കെട്ടിവലിച്ച് താഴെയിറക്കുകയായിരുന്നു. ​വല്യച്ചൻമലയിലേക്ക് വാഹനങ്ങൾക്ക് പോകാൻ വേറെ ഗതാഗതയോഗ്യമായ റോഡ് നിലവിലുണ്ട്. കുത്തനെയുള്ള ചരിവിൽ ജീപ്പ് കൊക്കയിലേക്ക് മറിയാതെ കൈവരികളിൽ തട്ടി നിന്നതിനാൽ ആളപായമില്ലാതെ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *