ഫിലിപ്പീൻസിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയുടെ മുഖത്ത് നീരാളി അള്ളിപ്പിടിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ലഭിച്ച നീരാളിയാണ് മത്സ്യത്തൊഴിലാളിയുടെ മുഖത്ത് പറ്റിപ്പിടിച്ചത്. നീരാളിയുടെ കൈകൾ മുഖത്ത് മുറുകെ ചുറ്റിയതോടെ ഇയാൾക്ക് തല തിരിക്കാനോ സാധാരണ രീതിയിൽ നീങ്ങാനോ കഴിയാത്ത അവസ്ഥയുണ്ടായി. മുഖത്ത് പറ്റിപ്പിടിച്ച നീരാളിയെ മാറ്റാൻ മത്സ്യത്തൊഴിലാളി പല വഴികളും പരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഏറെ പരിശ്രമിച്ചാണ് നീരാളിയെ ശരീരത്തിൽ നിന്ന് മാറ്റിയത്. എന്നാൽ തന്നെ ബുദ്ധിമുട്ടിച്ചിട്ടും നീരാളിയെ കൊല്ലാതെ തിരികെ കടലിലേക്ക് വിടുകയായിരുന്നു മത്സ്യത്തൊഴിലാളി. ഇതോടെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. നീരാളിയുടെ കൈകളിലുള്ള സക്ഷൻ കപ്പുകൾക്ക് എത്രത്തോളം ശക്തമായി വസ്തുക്കളിൽ ഒട്ടിപ്പിടിക്കാൻ കഴിയുമെന്നതും വീഡിയോയിൽ വ്യക്തമാണ്.

