കോട്ടയത്ത് വൈദ്യുതിക്കമ്പി മോഷണം ആരോപിച്ച് ദളിത് യുവാവിന് കസ്റ്റഡി മർദനം;ആരോപണം നിഷേധിച്ച് പൊലീസ്

കോട്ടയത്ത് വൈദ്യുതിക്കമ്പി മോഷണം ആരോപിച്ച് ദളിത് യുവാവിന് കസ്റ്റഡി മർദനം;ആരോപണം നിഷേധിച്ച് പൊലീസ്

​കോട്ടയം: മഴക്കെടുതിയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പികൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിന് പൊലീസിന്റെ ക്രൂര മർദനമെന്ന് പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശിയും കെ.എസ്.ഇ.ബി കരാർ ജീവനക്കാരനുമായ പി. ആർ. അഭിലാഷിനാണ് കസ്റ്റഡിയിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.​വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ ഇന്നോവ കാറിലെത്തിയ മഫ്തി പൊലീസുകാരാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഭിലാഷിനെ പിടികൂടിയത്. അടിവസ്ത്രം പോലും ധരിക്കാൻ അനുവദിക്കാതെ മുറ്റത്തേക്ക് തള്ളിയിട്ട് മർദിച്ച ശേഷമാണ് ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച നാട്ടുകാരുടെ ഫോണുകൾ പൊലീസ് ബലമായി തട്ടിപ്പറിച്ചതായും ആക്ഷേപമുണ്ട്.​സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി വാഹനത്തിലിട്ടും, തുടർന്ന് തലയ്ക്ക് പിന്നിലടക്കമുള്ള ശരീരഭാഗങ്ങളിലും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വൈകിട്ടോടെ എസ്.ടി പ്രൊമോട്ടറുടെ സാന്നിധ്യത്തിൽ അഭിലാഷിനെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചു. എന്നാൽ വീട്ടിലെത്തിയ ഉടൻ കടുത്ത ദേഹാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും (ഫിറ്റ്സ്) ഉണ്ടായതിനെ തുടർന്ന് അഭിലാഷിനെ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലാണ്.​പൊലീസിന്റെ അതിക്രമത്തിനെതിരെ അഭിലാഷിന്റെ കുടുംബം പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവാവിന് നേരെ യാതൊരുവിധ കസ്റ്റഡി മർദനവും നടന്നിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നുമാണ് ഈരാറ്റുപേട്ട പൊലീസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *