പാലാ: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ ഇടിമിന്നലിൽ തകർന്നു. സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെയും ജനറൽ ആശുപത്രി ജംഗ്ഷനിലെയും സിഗ്നൽ ലൈറ്റുകൾക്കാണ് കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചത്. സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതോടെ നഗരത്തിൽ പലയിടത്തും വാഹനഗതാഗതം താറുമാറായി. തിരക്കേറിയ സമയങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. കേടായ ലൈറ്റുകൾ വേഗത്തിൽ നന്നാക്കി ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

