ഈരാറ്റുപേട്ട: കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സജീവസാന്നിധ്യവും ആനപ്രേമികളുടെ പ്രിയങ്കരനുമായ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. വീട്ടുപരിസരത്ത് തളച്ചിരുന്ന ആന ശക്തമായ ഇടിമിന്നലേറ്റാണ് ചരിഞ്ഞത്. ഗംഭീരമായ ശരീരവടിവും ശാന്തമായ സ്വഭാവവും കൊണ്ട് ശ്രദ്ധേയനായ ബ്രഹ്മദത്തൻ തൃശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റിയിട്ടുണ്ട്. വർഷങ്ങളോളം തന്നെ പരിചരിച്ച ഒന്നാം പാപ്പാൻ ഓമനച്ചേട്ടൻ്റെ വിയോഗത്തിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയ ബ്രഹ്മദത്തൻ്റെ ദൃശ്യങ്ങൾ മുൻപ് ഏറെ വൈകാരികമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.ആനയുടെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് നിരവധി നാട്ടുകാരും ആനപ്രേമികളുമാണ് അന്തിമോപചാരമർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഗജലോകത്തിന് നികത്താനാവാത്ത വലിയൊരു നഷ്ടമാണ് ബ്രഹ്മദത്തൻ്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.

