ഊട്ടിയിൽ മണ്ണിടിച്ചിൽ: വിനോദയാത്രയ്ക്ക് പോയ പാലായിലെ സ്കൂൾ വിദ്യാർഥികൾ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് മാണി സി. കാപ്പൻ എം.എൽ.എ

ഊട്ടിയിൽ മണ്ണിടിച്ചിൽ: വിനോദയാത്രയ്ക്ക് പോയ പാലായിലെ സ്കൂൾ വിദ്യാർഥികൾ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് മാണി സി. കാപ്പൻ എം.എൽ.എ

​പാലാ / മേട്ടുപ്പാളയം: ഊട്ടി–മേട്ടുപ്പാളയം റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് വിനോദയാത്രയ്ക്കായി പോയ പാലായിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രാസംഘം വഴിയിൽ കുടുങ്ങി. ​പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ് ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡിൽ കുടുങ്ങിയത്. എന്നാൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും നിലവിൽ പൂർണ്ണ സുരക്ഷിതരാണെന്ന് സംഘത്തോടൊപ്പമുള്ള പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ. റെജി തെങ്ങുംപള്ളിൽ അറിയിച്ചു. ​സംഭവമറിഞ്ഞയുടൻ മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തന നടപടികൾ ഏകോപിപ്പിച്ചു. സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും വിവരം അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഊട്ടി, കോട്ടയം ജില്ലാ കളക്ടർമാരുമായി അടിയന്തരമായി ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ​തുടർന്ന് വിവിധ ചെറുവാഹനങ്ങളിലായി വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും എല്ലാവരും സുരക്ഷിതരാണെന്നും മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *