പാലാ: പാലാ – തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ ക്രെയിൻ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (61) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 3:20 ഓടെ കൊല്ലപ്പള്ളി പെട്രോൾ പമ്പിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ആലീസിനെ ക്രെയിൻ ഇടിക്കുകയായിരുന്നു. തുടർന്ന് ക്രെയിന്റെ ഭാരമേറിയ ചക്രം ഇവരുടെ തലയിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

