ന്യൂസിലൻഡിൽ മലയാളി ഡ്രൈവർക്ക് അഭിമാനനേട്ടം:കോട്ടയം ഭരണങ്ങാനം സ്വദേശിയായ ബിമൽ ശശിക്ക് മികച്ച ഡ്രൈവർക്കുള്ള സർക്കാർ പുരസ്കാരം

ന്യൂസിലൻഡിൽ മലയാളി ഡ്രൈവർക്ക് അഭിമാനനേട്ടം:കോട്ടയം ഭരണങ്ങാനം സ്വദേശിയായ ബിമൽ ശശിക്ക് മികച്ച ഡ്രൈവർക്കുള്ള സർക്കാർ പുരസ്കാരം

​ഓക്‌ലൻഡ്: സുരക്ഷിതമായ ഡ്രൈവിംഗിലൂടെയും യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റത്തിലൂടെയും ന്യൂസിലൻഡിൽ ശ്രദ്ധേയനായി മലയാളി ഡ്രൈവർ. കോട്ടയം ഭരണങ്ങാനം സ്വദേശിയായ ബിമൽ ശശിയാണ് ന്യൂസിലൻഡ് പൊതുഗതാഗത വകുപ്പിന്റെ (Auckland Transport) മികച്ച ഡ്രൈവർക്കുള്ള അഭിമാനകരമായ പുരസ്കാരം സ്വന്തമാക്കിയത്. ​കഴിഞ്ഞ മൂന്ന് വർഷമായി ഓക്‌ലൻഡിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ് ബിമൽ. 2023 മാർച്ചിൽ കൂത്താട്ടുകുളത്ത് നടന്ന അഭിമുഖത്തിൽ പങ്കെടുത്താണ് ബിമൽ ന്യൂസിലൻഡിലെ പൊതുഗതാഗത വകുപ്പിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നത്. ​തുടർച്ചയായ അപകടരഹിത ഡ്രൈവിംഗും, നിറഞ്ഞ പുഞ്ചിരിയോടെ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന രീതിയും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ യാത്രക്കാരുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റി. ബസ് യാത്രക്കാരുടെ റിവ്യൂകളിൽ ബിമലിന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് സർക്കാർ തലത്തിലുള്ള ഈ വലിയ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. വിദേശമണ്ണിലും സുരക്ഷിത യാത്രയുടെ മാതൃകയായി മാറിയ ഈ മലയാളിക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *