തിരുവനന്തപുരത്ത് രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്ക് കൂടുതൽ വ്യക്തത. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കിയ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്തിരിക്കുന്നത്. പാപ്പനംകോട് മുതൽ ആരംഭിക്കുന്ന പാത കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക എന്നിവിടങ്ങളിലൂടെ ഈഞ്ചയ്ക്കലിലെത്തും. ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ റെയിൽവേ–ബസ് സ്റ്റാൻഡ്, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നിർമാണച്ചെലവ് നിലവിൽ ഏകദേശം 8,000 കോടി രൂപയായി കണക്കാക്കുന്നു. ചെലവ് ഇനിയും ഉയരാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. പുതുക്കിയ രൂപരേഖ സംസ്ഥാന സർക്കാർ പരിശോധിച്ച ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
