ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിലെ നിയന്ത്രണരേഖയിൽ (LAC) ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖവും സംഘർഷാവസ്ഥയും പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിർത്തിയിലെ പല പോയിന്റുകളിലും ചൈനീസ് സൈന്യവുമായി മുഖാമുഖമുള്ള പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും, സാഹചര്യം ഇപ്പോഴും പൂർണമായി ശാന്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ ഇത്തരം പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിൽ ഐടിബിപിയുടെ പ്രത്യേക വിഭാഗമായ ‘ശൗര്യ’ കമാൻഡോകൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ജൂലൈ മുതൽ അരുണാചലിലെ തക്സിങ് മേഖലയിലുൾപ്പെടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) ടെന്റുകൾ അടിച്ച് തമ്പടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഏറ്റുമുട്ടലുകളും സംഘർഷ സാധ്യതയും തുടരുകയാണെന്ന സേനാ മേധാവിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സേനാ വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

