ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും വിവിധ കാലാവസ്ഥാ സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കേരളത്തിൽ സെപ്റ്റംബർ 21 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ 17 മുതൽ 20 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 17ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 18ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്. സെപ്റ്റംബർ 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ തായ്ലൻഡിന് മുകളിലുള്ള ചക്രവാതചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലെത്താനും തുടർന്ന് ന്യൂനമർദ്ദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം പടിഞ്ഞാറ്–വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു.
