ഓണത്തിന് മുന്നോടിയായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായി കോട്ടയം നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ജയ്പുർ സ്വദേശിയായ മുഹമ്മദ് മർസൂദ് ഖാൻ (47) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡിന്റെ പിടിയിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം നാഗമ്പടം ഭാഗത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. ഓണത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ആർ. ദർശകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.എസ്. ശ്യാംകുമാർ, പി.പി. പ്രസീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എ. യേശുദാസ്, കെ.സി. ദിബീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ, ഡ്രൈവർ വിബിൻ ജോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
