തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് ഒരേ ക്ലാസിൽ പഠിക്കുന്ന 14 വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കൂവേരി സ്വദേശി കെ. വി. അനുരാജ് (23) ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെയും ഇയാൾ ഒരേസമയത്ത് പ്രണയം നടിച്ച് പരിചയപ്പെടുകയായിരുന്നു. ഒരേ വ്യക്തിയുമായാണ് സൗഹൃദമെന്ന വിവരം വിദ്യാർത്ഥിനികൾ പരസ്പരം അറിഞ്ഞിരുന്നില്ല. പോത്തൻകോടുള്ള പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം കണ്ണൂരിൽ നിന്ന് ഇവിടെയെത്തിയ പ്രതി കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ആദ്യത്തെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി.
കൂടാതെ ഇവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ കുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയായിരുന്നു. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോത്തൻകോട് പോലീസാണ് രണ്ടാമത്തെ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിക്കെതിരെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ കണ്ണൂർ തളിപ്പറമ്പ് സ്റ്റേഷനിലും സമാനമായ പോക്സോ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു
