അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമം; രണ്ട് കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ

അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമം; രണ്ട് കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ ഇറാൻ അംഗീകരിക്കാത്ത റൂട്ടിലൂടെ കപ്പലുകൾ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഇറാന്റെ വിശദീകരണം. കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു എന്നാണ് IRGC വ്യക്തമാക്കിയത്.

കപ്പലുകളിലെ ജീവനക്കാരെ ഒഴിപ്പിച്ചതായും തുടർന്ന് അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കപ്പലുകൾ കൈമാറിയതായും IRGC അവകാശപ്പെട്ടു. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലുകളുടെ പേര്, ഏത് രാജ്യത്തിന്റെ പതാകയിലാണ് രജിസ്റ്റർ ചെയ്തിരുന്നത്, കൃത്യമായ അപകടസ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ ആളപായമുണ്ടായോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം ഇതോടെ കൂടുതൽ ആശങ്കാജനകമായി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഇത് കൂടുതൽ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കപ്പലുകൾക്ക് നേരിട്ട യഥാർഥ അപകടകാരണം സംബന്ധിച്ച വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *