ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഇനി കൂടുതൽ കഠിനമാകും; പാസാവാൻ 75% മാർക്ക് വേണം, ചട്ട ഭേദഗതിയുമായി കേന്ദ്രം

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഇനി കൂടുതൽ കഠിനമാകും; പാസാവാൻ 75% മാർക്ക് വേണം, ചട്ട ഭേദഗതിയുമായി കേന്ദ്രം

​ന്യൂഡൽഹി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന ചട്ടങ്ങളിൽ സമഗ്ര ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് വിജയിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതാ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തും.​ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. കരട് ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ:​പരീക്ഷാ രീതിയിൽ കാതലായ മാറ്റം: ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി കുറഞ്ഞത് 30 മിനിറ്റ് നീളുന്ന സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ (Safe-driving tutorial) നിർബന്ധമാക്കും. ടെസ്റ്റിൽ കൃത്യതയും റോഡ് നിയമങ്ങളിലുള്ള അറിവും ഉറപ്പാക്കിയ ശേഷമേ ലൈസൻസ് അനുവദിക്കൂ.​ആരോഗ്യ വിവരങ്ങൾ നിർബന്ധം: അപേക്ഷകരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ലൈസൻസ് അപേക്ഷയിൽ ഉൾപ്പെടുത്തും.​ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കും: ലൈസൻസിലെ പേര്, മേൽവിലാസം എന്നിവ മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും ഇവയിലെ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീർപ്പുകൽപ്പിക്കാനും നിർദേശമുണ്ട്.​രേഖകളിൽ മാറ്റം: വിലാസം തെളിയിക്കുന്ന രേഖകളുടെ പട്ടികയിൽ നിന്ന് എൽ.ഐ.സി (LIC) പോളിസി ഒഴിവാക്കി. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ തുടർന്നും ഉപയോഗിക്കാം.​ലൈസൻസുകൾ ലാമിനേറ്റ് ചെയ്തോ പി.വി.സി (PVC) കാർഡ് രൂപത്തിലോ നൽകണം.​പുറത്തിറക്കിയ കരട് ചട്ടത്തിന്മേൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *