ബർലിൻ: ജർമ്മനിയിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. എറണാകുളം കാലടി സ്വദേശി സിവിൻ ജോണി, കൊല്ലം സ്വദേശിനി അഞ്ജലി, ഇടുക്കി സ്വദേശിനി നോവ സാബു എന്നിവരാണ് മരിച്ചത്. ഫ്ലാറ്റിന് മനഃപൂർവം തീയിട്ടതാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ ജർമ്മൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും മറ്റ് സാഹചര്യങ്ങളും കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.

