നടൻ ചിയാൻ വിക്രമിന്റെ ലാർ ഗിബ്ബണിനൊപ്പമുള്ള സോഷ്യൽ മീഡിയ റീൽ വിവാദമായതിന് പിന്നാലെ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ എന്ന അപൂർവ കുരങ്ങിനൊപ്പമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ വിക്രം വീഡിയോ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ലാർ ഗിബ്ബൺ തെക്കുകിഴക്കൻ ഏഷ്യയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഇനമാണ്. ഇതിന്റെ ഉടമസ്ഥത, ഇന്ത്യയിലേക്കുള്ള വരവ്, കൈമാറ്റം, ആവശ്യമായ രേഖകളും അനുമതികളും എന്നിവയാണ് വനംവകുപ്പ് പരിശോധിക്കുന്നത്. ഗിബ്ബണിനെ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്നതാകാമെന്ന ആരോപണവും വന്യജീവി പ്രവർത്തകർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ഗിബ്ബൺ വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥനുമായി ബന്ധപ്പെട്ടതാണ്. മൃഗത്തിന്റെ നിയമപരമായ ഉടമസ്ഥതയും ആവശ്യമായ ക്ലിയറൻസ് രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. നിലവിൽ വിക്രമിനെതിരെ നിയമലംഘനം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
