പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് ചെന്നൈയിൽ വാഹനാപകടത്തിൽ പരിക്ക്. ഓഗസ്റ്റ് 10ന് പുലർച്ചെയാണ് ഗിണ്ടി മേഖലയിലെ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപം അപകടമുണ്ടായത്. അമീൻ സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാറും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അമീനും സുഹൃത്തും നിസാര പരിക്കുകൾക്കാണ് ചികിത്സ തേടിയത്. ഇരുവരെയും കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനയും ചികിത്സയും നൽകിയ ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തു. അപകടത്തിൽ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ അദ്യാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുകയാണ്. നിലവിൽ എ.ആർ. അമീന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.
