വ്യാജ CAPTCHA പരിശോധനയുടെ പേരിൽ നടക്കുന്ന ‘ClickFix’ സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ചില വെബ്സൈറ്റുകളിൽ യഥാർഥ CAPTCHA പരിശോധനയ്ക്ക് സമാനമായ സംവിധാനം ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്. CAPTCHA പൂർത്തിയാക്കിയതിന് ശേഷം പ്രത്യേക നിർദേശങ്ങളടങ്ങിയ മറ്റൊരു ഡയലോഗ് ബോക്സ് പ്രദർശിപ്പിച്ച് ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പിന്റെ രീതി. ഇത്തരം നിർദേശങ്ങൾ പാലിച്ച് സിസ്റ്റം കമാൻഡുകൾ പ്രവർത്തിപ്പിക്കുകയോ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാനും കമ്പ്യൂട്ടർ സൈബർ കുറ്റവാളികളുടെ നിയന്ത്രണത്തിലാകാനും സാധ്യതയുണ്ട്. തുടർന്ന് ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ, ഇ-മെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സൂക്ഷിച്ചിരിക്കുന്ന സോഷ്യൽ മീഡിയ പാസ്വേഡുകൾ തുടങ്ങിയവ മോഷ്ടിക്കപ്പെടാം. ചില സാഹചര്യങ്ങളിൽ അക്കൗണ്ടുകൾ ലോക്ക് ചെയ്ത് പണം ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായി, ഒരു സാധാരണ CAPTCHA പരിശോധനയും PowerShell അല്ലെങ്കിൽ Command Prompt കമാൻഡ് പ്രവർത്തിപ്പിക്കാനും ഫയൽ ഡൗൺലോഡ് ചെയ്യാനും സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെടില്ല. അത്തരമൊരു നിർദേശം ലഭിച്ചാൽ അത് പിന്തുടരരുത്.മാൽവെയർ ബാധിച്ചതായി സംശയിക്കുന്നുവെങ്കിൽ ഉടൻ Wi-Fi/LAN വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റിൽ നിന്ന് വേർപെടുത്തണം. സംശയാസ്പദമായ ഫയലുകൾ മറ്റ് ഉപകരണങ്ങളിലേക്ക് മാറ്റാതിരിക്കുകയും അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിൽ സഹായം തേടുകയും വേണം. ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്ലൈൻ വഴിയും പരാതി നൽകാം.

