ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ടൂറിസ്റ്റ് വാഹനത്തിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും ഉൾപ്പെടെ 13 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.10ഓടെ കാഞ്ഞാർ–ഇലവീഴാപൂഞ്ചിറ റോഡിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം.പഴുത്തേടം വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കണ്ട് ഫോട്ടോയെടുക്കുന്നതിനായി ഡ്രൈവർ വാഹനം റോഡരികിൽ നിർത്തിയപ്പോഴാണ് ബോണറ്റിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവറും യാത്രക്കാരും ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി.തുടർന്ന് യാത്രക്കാരുടെ ലഗേജുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ നിമിഷങ്ങൾക്കകം തീ ശക്തമായി പടരുകയായിരുന്നു. 17 സീറ്റുള്ള ടൂറിസ്റ്റ് വാഹനമാണ് തീപിടിച്ച് പൂർണമായും കത്തിനശിച്ചത്.സമയോചിതമായി യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനത്തിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ല. ബന്ധപ്പെട്ട അധികൃതർ സംഭവത്തെക്കുറിച്ച് പരിശോധന നടത്തും.
