ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് സസ്പെൻഷൻ

ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് സസ്പെൻഷൻ

ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടി. ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ബാറുകളിൽ നിന്ന് നേരിട്ടും ഇടനിലക്കാർ മുഖേനയും പണം പിരിച്ചെടുത്തെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ രഹസ്യ പരിശോധന നടത്തിയത്.

മൂന്ന് ദിവസത്തെ രഹസ്യ അന്വേഷണത്തിന് ശേഷമാണ് എക്സൈസ് കമ്മിഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി. കൃഷ്ണകുമാർ ഐപിഎസും ഉൾപ്പെട്ട സംഘം കോട്ടയത്തെ വിവിധ ബാറുകളിൽ പരിശോധന നടത്തിയത്. ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേന മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറിയെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചു.

പണപ്പിരിവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ, മാസപ്പടി വിവരങ്ങളടങ്ങിയ ഡയറി എന്നിവ അന്വേഷണ സംഘം ശേഖരിച്ചതായാണ് റിപ്പോർട്ട്. ബാറുടമകളിൽ നിന്ന് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണവും തുടർനടപടികളും ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *