എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ തിരുത്തലുകളും ഫല സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. സർട്ടിഫിക്കറ്റ് സംബന്ധമായ ആവശ്യങ്ങൾക്കായി പരീക്ഷാഭവനിലെത്തുന്ന അപേക്ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഫല സർട്ടിഫിക്കറ്റുകൾ പരമാവധി 15 ദിവസത്തിനകം അപേക്ഷകർക്ക് ലഭ്യമാക്കണം എന്നതാണ് പ്രധാന നിർദേശം. എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര്, ജനനത്തീയതി, മറ്റ് വിവരങ്ങൾ തുടങ്ങിയവയിൽ തിരുത്തൽ ആവശ്യമായി വരുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന നിലപാടിലാണ് സർക്കാർ.പരീക്ഷാഭവനിലെ വിവിധ സേവനങ്ങളുടെ പ്രവർത്തനരീതി, അപേക്ഷകളുടെ തീർപ്പാക്കൽ, സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ ഭാഗമായി വിലയിരുത്തി. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
