മഹാരാഷ്ട്രയിൽ തിളച്ച ശർക്കരപ്പാത്രത്തിൽ വീണ് 25കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ലഖിംപൂർ സ്വദേശിയായ ഡാനിഷാണ് അപകടത്തിൽ മരിച്ചത്. മഹാരാഷ്ട്രയിലെ ശർക്കര നിർമ്മാണശാലയിലാണ് സംഭവം നടന്നത്.
പ്ലാന്റിലെ വലിയ പാത്രങ്ങളിൽ ശർക്കരപ്പാനി തിളച്ചുകൊണ്ടിരിക്കെ ഒരു പാത്രത്തിന്റെ അരികിൽ നിൽക്കുകയായിരുന്നു ഡാനിഷ്. ഇതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടതോടെ ബാലൻസ് നഷ്ടപ്പെട്ട് തിളച്ചുകൊണ്ടിരുന്ന ശർക്കരപ്പാത്രത്തിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ നിലവിളി കേട്ട് സഹപ്രവർത്തകർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡാനിഷിനെ പാത്രത്തിൽ നിന്ന് പുറത്തെടുക്കാനായത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് മാസം മുൻപാണ് ഡാനിഷ് ജോലിക്കായി മഹാരാഷ്ട്രയിലെത്തിയത്. കുടുംബത്തിന്റെ ₹70,000 രൂപയുടെ കടം വീട്ടുന്നതിനായാണ് ജോലിക്കായി പോയത്. ഭാര്യയും രണ്ട് മാസം പ്രായമുള്ള മകനും മാതാപിതാക്കളും സഹോദരങ്ങളുമാണ് ഡാനിഷിനുള്ളത്.
മരണത്തിൽ കുടുംബം ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ കുടുംബാംഗങ്ങളെ കാണിച്ചു. സംഭവത്തിൽ ഇതുവരെ ആർക്കുമെതിരെയും രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
