ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. വ്യോമസേനയിലെ അതീവ നിർണായകവും അഭിമാനകരവുമായ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റെന്ന നേട്ടമാണ് ഭാവന കാന്ത് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ് എന്ന വിശേഷണത്തിനും അവർ അർഹയായി. ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ (TACDE) 20 ആഴ്ച നീണ്ട കഠിനമായ പരിശീലനമാണ് ഭാവന കാന്ത് പൂർത്തിയാക്കിയത്. സങ്കീർണ്ണമായ ആകാശയുദ്ധ സാഹചര്യങ്ങളിലും നിർണായക വ്യോമദൗത്യങ്ങളിലും നേതൃത്വം നൽകാൻ കഴിവുള്ള ഫൈറ്റർ പൈലറ്റുകളെ വാർത്തെടുക്കുന്നതിനുള്ള വ്യോമസേനയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലനങ്ങളിലൊന്നാണ് FCL കോഴ്സ്. അമേരിക്കൻ നാവികസേനയുടെ പ്രശസ്തമായ Strike Fighter Tactics Instructor പരിശീലനവുമായി താരതമ്യപ്പെടുത്തപ്പെടുന്ന ഈ കോഴ്സ് പൂർത്തിയാക്കിയത് ഇന്ത്യൻ വ്യോമസേനയിലെ വനിതാ പങ്കാളിത്തത്തിന്റെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
