ലക്ഷദ്വീപിൽ പൊലീസ് പട്രോളിങ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

ലക്ഷദ്വീപിൽ പൊലീസ് പട്രോളിങ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

ലക്ഷദ്വീപിൽ പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി. സുഹേലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് പട്രോളിങ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയും ശക്തമായ തിരമാലകളും ഉൾപ്പെടെയുള്ള കടൽ സാഹചര്യങ്ങളാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട മൂന്നാമത്തെ ഉദ്യോഗസ്ഥനായ അമിനി ദ്വീപ് സ്വദേശി ഉമർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. പരുക്കേറ്റ അദ്ദേഹത്തെ കവരത്തിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കാണാതായ കവരത്തി സ്വദേശി നബീൽ, ആന്ത്രോത്ത് സ്വദേശി കെ.സി. ഹിദായത്തുള്ള എന്നിവർക്കായാണ് നിലവിൽ വ്യാപക തിരച്ചിൽ നടക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സഹായത്തോടെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററും വിവിധ ബോട്ടുകളും ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായ ഉദ്യോഗസ്ഥരെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധനയും അന്വേഷണവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *