പാലാ നഗരത്തിൽ ഒരേ രാത്രിയിൽ നാല് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്ന് പുലർച്ചെയാണ് പാലായിലെ വിവിധ ഭാഗങ്ങളിലായി വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് മോഷണം നടന്നത്. പ്രാഥമിക വിവരമനുസരിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പാലാ കട്ടക്കയം റോഡിലെ ഒരു മീൻകടയിൽ നിന്ന് മാത്രം ഏകദേശം നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. സമീപത്തെ പഴക്കടയിൽ നിന്നും പണവും മോഷണം പോയിട്ടുണ്ട്. സ്റ്റേഡിയം ജംഗ്ഷനിലെ രണ്ട് കടകളിൽ നിന്നായി ഏകദേശം 65,000 രൂപ മോഷണം പോയതായി വ്യാപാരികൾ .സി.ടി.വി ക്യാമറകൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ കടകളുടെ താഴ് പൊളിച്ച് അകത്തുകയറിയതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരേ രാത്രിയിൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി മോഷണം നടന്നത് വ്യാപാരികളിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
