എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിലവിലെ പൂഞ്ഞാർ എംഎൽഎ എം. ജെ. സെബാസ്റ്റ്യൻ ക്ഷണിച്ചതിനെ തുടർന്ന് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ഫലകത്തിൽ ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് നിർമാണം പൂർത്തിയായത്.
പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് മുൻ എംഎൽഎയെ തന്നെ ക്ഷണിക്കുകയായിരുന്നു നിലവിലെ എംഎൽഎ. പാലത്തിന്റെ യഥാർഥ അവകാശി സെബാസ്റ്റ്യൻ കുളത്തുങ്കലാണെന്നും താൻ വികസനത്തുടർച്ചയുടെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും എം. ജെ. സെബാസ്റ്റ്യൻ പറഞ്ഞു. തന്റെ പേര് ഉദ്ഘാടന ഫലകത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
2018ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പഴയ പാലത്തിന് പകരമാണ് പുതിയ 15.5 മീറ്റർ നീളമുള്ള പാലം നിർമിച്ചത്. പാലം യാഥാർഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് മേഖലകളിലെ 300-ലധികം കുടുംബങ്ങൾക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

