പാലാ നഗരസഭയിലെ സൈറൺ സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ. കണ്ണൂർ കോർപ്പറേഷനിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലായിലും സൈറൺ നിർത്താൻ നീക്കം നടക്കുന്നതെങ്കിൽ, ആ ഉത്തരവ് പാലാ നഗരസഭയ്ക്കും ബാധകമാണോയെന്ന് ആദ്യം നിയമപരമായി പരിശോധിക്കണമെന്നാണ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുലിന് നൽകിയ പരാതിയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബർ 5ന് നടക്കുന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ സൈറൺ നിർത്തുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കത്ത് പരിഗണിക്കാനിരിക്കെയാണ് പരാതി.
കണ്ണൂർ കോർപ്പറേഷന്റെ സൈറൺ സംബന്ധിച്ച പ്രത്യേക കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും പാലാ നഗരസഭ ആ കേസിലെ കക്ഷിയായിരുന്നില്ലെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ എല്ലാ നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സൈറൺ സംവിധാനങ്ങൾ നിർത്തലാക്കണമെന്ന പൊതുവായ നിർദേശം ഉത്തരവിൽ നൽകിയിട്ടില്ലെന്നാണ് ഫൗണ്ടേഷന്റെ നിലപാട്.
സൈറൺ സമയം അറിയിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ഉപയോഗിക്കാമെന്നാണ് ഫൗണ്ടേഷൻ പറയുന്നത്. കഴിഞ്ഞ മാസം പാലായിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് മുന്നറിയിപ്പ് നൽകാൻ സൈറൺ ഉപയോഗിച്ചതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ശബ്ദമലിനീകരണമാണ് പ്രശ്നമെങ്കിൽ സൈറൺ പൂർണമായി നിർത്തുന്നതിന് പകരം ശബ്ദനിലവാരം, ദൈർഘ്യം, സമയക്രമം എന്നിവ നിയന്ത്രിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിന്റെ യഥാർഥ പരിധി പരിശോധിച്ചശേഷം മാത്രമേ പാലാ നഗരസഭയിൽ സൈറൺ നിർത്തുന്നതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാവൂവെന്നും ആവശ്യമായാൽ നിയമോപദേശം തേടണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
