പാലാ പ്രവിത്താനം പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് യുവാക്കൾ ഓടി; അഞ്ച് പേർ പിടിയിൽ

പാലാ പ്രവിത്താനം പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് യുവാക്കൾ ഓടി; അഞ്ച് പേർ പിടിയിൽ

പാലാ പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് പുറത്തേക്ക് ഓടിയതായി ആരോപിക്കപ്പെടുന്ന അഞ്ച് യുവാക്കളെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെ ഫൊറോന വികാരി ഫാ. ജോർജ് വെളൂപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.പള്ളിയിലെത്തിയ അഞ്ചംഗ സംഘം ഓസ്തി എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിശ്വാസികൾ യുവാക്കൾ സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും പിന്നീട് സംഘത്തെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിലാണ് സംഘം എത്തിയതെന്നും വാഹനത്തിൽ ബോബി ചെമ്മണ്ണൂരിന്റെ പരസ്യം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.സംഭവത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ, യുവാക്കൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ വിവിധ അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ ‘ബ്ലാക്ക് മാസ്’ പോലുള്ള ആചാരങ്ങളുമായി ബന്ധമുണ്ടെന്ന സംശയം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *