ജോസഫിനും മുനീറിനും കാപ്പനും മുൻഗണന; ക്യാബിനറ്റ് റാങ്ക് പദവികളിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

ജോസഫിനും മുനീറിനും കാപ്പനും മുൻഗണന; ക്യാബിനറ്റ് റാങ്ക് പദവികളിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്ക് ക്യാബിനറ്റ് റാങ്കുള്ള പദവികൾ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ തീരുമാനം എടുത്തേക്കും. പി.ജെ. ജോസഫ്, എം.കെ. മുനീർ, മാണി സി. കാപ്പൻ, ജി. ദേവരാജൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിൽ പ്രധാന ഘടകകക്ഷികളിലെ മുതിർന്ന നേതാക്കളെന്ന നിലയിൽ പി.ജെ. ജോസഫിനും എം.കെ. മുനീറിനും പദവി ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എം.കെ. മുനീറിനായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ പദവി മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പി.ജെ. ജോസഫിന് വയോജനക്ഷേമം, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്മിഷൻ പദവികളിലൊന്ന് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവിയോടാണ് താൽപര്യം. മന്ത്രിസഭയിൽ അംഗമാക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണ് കാപ്പന്റെ ആവശ്യം.

ജി. ദേവരാജൻ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയാണ് ആവശ്യപ്പെടുന്നത്. ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദവികൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *